ക്രിക്കറ്റിന്റെ ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ ജയിച്ചുതുടങ്ങാന്‍ ‘മെന്‍ ഇന്‍ ബ്ലൂ’ ഇന്നിറങ്ങും. ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് രോഹിത് ശര്‍മ്മയും സംഘവും കന്നിയങ്കത്തിന് ഇറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഒന്നാമന്മാരായ ഇന്ത്യയെ നേരിടുമ്പോള്‍ ചെപ്പോക്കില്‍ വാശിയേറിയ മത്സരം തന്നെ പ്രതീക്ഷിക്കാം.
2011ലെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മൂന്നാം ലോകകപ്പ് സമ്മാനിക്കുകയെന്ന അതിസമ്മര്‍ദ്ദത്തില്‍ ഇറങ്ങുമ്പോഴും ഹിറ്റ്മാനും സംഘത്തിനും ആശ്വസിക്കാന്‍ ആത്മവിശ്വാസത്തിന്റെ കണക്കുകളുണ്ട്. ഇന്ത്യ ലോക ചാമ്പ്യന്മാരായ രണ്ടുതവണയും ഏതെങ്കിലുമൊരു ഗ്രൂപ്പ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിട്ടുണ്ട്. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസീസ് ആണെങ്കില്‍ 1987 മുതല്‍ ഇന്ത്യയോട് തോറ്റ ലോകകപ്പുകളിലൊന്നും കപ്പുയര്‍ത്തിയിട്ടുമില്ല.

ഓസീസും കണക്കുകളില്‍ ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയ ആദ്യമായി ലോക ചാമ്പ്യന്മാരാകുന്നത് ഇന്ത്യന്‍ മണ്ണിലാണ്. അതിഥികള്‍ക്ക് ഭയപ്പെടാന്‍ പാകത്തിനുള്ള മറ്റൊരു ലോകകപ്പ് റെക്കോര്‍ഡും ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഓസീസിന് സ്വന്തമായിട്ടുണ്ട്. ഏഴ് ലോകകപ്പ് മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്‌റ്റേഡിയം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അതില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഓസീസിന് മൂന്നിലും വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ അതിശക്തര്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ചെപ്പോക്ക് സ്‌റ്റേഡിയത്തെ കാത്തിരിക്കുന്നത്. പരമ്പരാഗതമായി സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ പിച്ച്. അതുകൊണ്ടുതന്നെ ടോസ് നേടുന്നവര്‍ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. സ്വന്തം മണ്ണിലുള്ള മത്സരമെന്ന അനുകൂല ഘടകം നീലപ്പടയെ കാത്തിരിക്കുന്നുണ്ടെങ്കിലും ഓസീസിന് ഇന്ത്യന്‍ പിച്ചുകള്‍ അത്ര അപരിചിതമല്ല. ഐപിഎല്‍ മത്സരങ്ങളിലൂടെ ഇന്ത്യന്‍ സാഹചര്യം സുപരിചിതമാണ് ഓസീസ് താരങ്ങള്‍ക്ക്. ചെന്നൈ നഗരത്തില്‍ ഇന്നലെ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ മാറിനില്‍ക്കുമെന്നാണ് പ്രതീക്ഷ.

ഏഷ്യാ കപ്പ് നേടിയതും ലോകകപ്പിന് തൊട്ടുമുന്നെ നടന്ന ഏകദിന പരമ്പരയില്‍ ഇതേ ഓസ്‌ട്രേലിയയെ 2-1ന് മുട്ടുകുത്തിച്ചതിന്റെയും ആത്മവിശ്വാസത്തിലാണ് നീലപ്പട. ബാറ്റിങ് നിരയില്‍ സ്പിന്നിനെ ഫലപ്രദമായി നേരിടുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം മാത്രമാണ് ഇന്ത്യയുടെ ആശങ്ക. ഡെങ്കിപ്പനി ബാധിച്ച ഗില്ലിന്റെ പകരക്കാരമായി ഇഷാന്‍ കിഷനെ ഓപ്പണിങ്ങില്‍ പ്രതീക്ഷിക്കാം. ഒപ്പം ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ എന്നും അടിച്ചുപറത്തിയ ചരിത്രമുള്ള ഹിറ്റ്മാനും കൂടെ ചേരുമ്പോള്‍ ഇന്ത്യയ്ക്കത് തകര്‍പ്പന്‍ തുടക്കമാകും. രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയുടെ ഫോമും ടീമിന്റെ ഗതി നിര്‍ണയിക്കുന്ന ഘടകമാകും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തിയുള്ള പരീക്ഷണത്തിന് ഇന്ത്യ മുതിരില്ലെന്നാണ് സാധ്യത.

സ്പിന്നേഴ്‌സ് ആയി ആര്‍ അശ്വിനും കുല്‍ദീപ് യാദവും ഇലവനിലുണ്ടാവും. ചെന്നൈ പിച്ചിനെ നന്നായി അറിയുന്ന രവീന്ദ്ര ജഡേജയും ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുമെന്നുറപ്പ്. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം ഹാര്‍ദിക് പാണ്ഡ്യയും പേസ് നിരയില്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ മുഹമ്മദ് ഷമിക്ക് പുറത്തിരിക്കേണ്ടി വരും.ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തില്‍ ആധികാരികവിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. പാകിസ്താനെതിരായ സന്നാഹ മത്സരവും വിജയിച്ചാണ് ഓസീസിന്റെ വരവ്. ഡേവിഡ് വാര്‍ണര്‍- മിച്ചല്‍ മാര്‍ഷ് എന്നിവരായിരിക്കും ഓസീസ് നിരയില്‍ ഓപ്പണിങ്ങിനിറങ്ങുക. സ്റ്റീവ് സ്മിത്ത് നയിക്കുന്ന മധ്യനിരയും ശക്തമാണ്. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഇന്ന് കളിക്കാനിറങ്ങിയേക്കില്ല. മൊഹാലിയില്‍ നടന്ന ഏകദിന മത്സരത്തില്‍ കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സന്നാഹമത്സരങ്ങളിലും സ്റ്റോയിനിസ് ഇറങ്ങിയിരുന്നില്ല.

ലെഗ് സ്പിന്നര്‍ ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലുമായിരിക്കും ഓസീസിന്റെ സ്പിന്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പരിക്കേറ്റ ഇടംകൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന് പകരക്കാരനായാണ് മധ്യനിര ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നെ ടീമിലെടുത്തത്. നായകന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമടങ്ങിയ പേസ് നിരയും ഓസീസിന് കരുത്തേകും.

Leave a Reply

Your email address will not be published. Required fields are marked *