മൂന്നാം ബേപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരിലെത്തിയ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകൾക്ക് വൻ ജനസ്വീകാര്യത. പൊതുജന സന്ദർശനം രണ്ട് ദിവസം പിന്നിടുമ്പോൾ ഐ.എൻ.എസ് കബ്ര, ഐ.സി.ജി.എസ് ആര്യമാൻ എന്നിവ സന്ദർശിച്ചത് അയ്യായിരത്തോളം പേരാണ്. കൂടുതൽപ്പേരും കുടുംബവും കൊച്ചു കുട്ടികളുമായുമാണ് കപ്പൽ സന്ദർശനത്തിനെത്തിയത്. രണ്ടു കപ്പലുകളും അടുത്തായി നങ്കൂരമിട്ടിരുന്നതിനാൽ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് എളുപ്പത്തിൽ എത്താൻ കഴിഞ്ഞു. കപ്പലിന്റെ മുൻ വശത്തെ ഡെക്കും പിൻവശമായ ക്വാർട്ടർ ഡെക്കും എപ്പോഴും ജനങ്ങളാൽ നിറഞ്ഞു. വൈകുന്നേരങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും സേനാ ഉദ്യോഗസ്ഥരും പാടു പെട്ടു. ഫെസ്റ്റിന്റ രണ്ടാം ദിവസം മുതലാണ് കപ്പൽ സന്ദർശനം ഏർപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം തീരദേശ സുരക്ഷ ശക്തമാക്കുവാനായി നിർമ്മിച്ചതാണ് വാട്ടർജെറ്റ് ഫാസ്റ്റ് അറ്റാക്കിംഗ് കപ്പലായ ഇന്ത്യൻ നേവിയുടെ കബ്ര. അതു പോലെ തന്നെ തീരദേശ പെട്രോളിംഗിനും സുരക്ഷക്കുമായി ഉപയോഗിക്കുന്ന കപ്പലാണ് കോസ്റ്റ്ഗാർഡിന്റെ ആര്യമാൻ. മത്സ്യത്തൊഴിലാളികൾക്കും ഈ കപ്പലുകൾ നിരവധി തവണ സഹായ ഹസ്തം ഒരുക്കിയിട്ടുണ്ട്.ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയ പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളിലും തിരക്കാണ്. ആർമിയുടെ സ്റ്റാളുകളിൽ സേനയുടെ വേഷമണിഞ്ഞും തോക്കുകൾ കയ്യിലേന്തി ഫോട്ടോ പകർത്താനും ആളുകൾ വരി നിൽക്കുന്നു.ഇന്ന് രാവിലെ 10 മുതൽ ഉച്ച രണ്ട് വരെ മാത്രമായിരിക്കും പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാനുള്ള അവസരം. അതിനു ശേഷം വൈകീട്ട് ഐ.സി.ജി.എസ് ആര്യമാൻ ബേപ്പൂർ പുലിമുട്ടിനു പുറത്ത് നങ്കൂരമിട്ടതിനു ശേഷം ദീപാലങ്കാരവും ഫ്ലെയേഴ്സും ഫയറിങ്ങും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *