ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു.ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ നീതി രഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടു. ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

വിജയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് നാരായണനാണ് ഹാജരായത്. പ്രവേശന നികുതിയെ ചോദ്യം ചെയ്തല്ല, സിംഗിൾ ബെഞ്ച് വിധിയിലെ പരാമർശങ്ങളെ ചോദ്യം ചെയ്താണ് ഹർജിയെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. വിജയ് അടയ്ക്കാൻ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തിൽ അടയ്ക്കണം എന്ന് കോടതി നിർദേശിച്ചു. വിഷയം നീട്ടിക്കൊണ്ടു പോകാൻ താൽപര്യമില്ല, അതിനാൽ ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയ്യുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *