ലോകത്ത് പ്രതിദിനം 4,000 ലധികം ആളുകള്‍ക്ക് എച്ച്‌ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍. യു.എന്നിന്റെ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. എച്ച്‌ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉണ്ടായ പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞുവെന്നും തല്‍ഫലമായി ദശലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മധ്യ ഏഷ്യ, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ്, നോര്‍ത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍. എയിഡ്‌സ് ബാധിതരുടെ എണ്ണം ഏഷ്യ പസഫിക്ക് മേഖലകളില്‍ വളരെ കൂടുതലാണ്. കിഴക്കന്‍ തെക്കന്‍ ആഫ്രിക്കയില്‍ രോഗ പ്രതിരോധ മേഖലയിലെ പുരോഗതി 2021-ല്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2020 നും 2021 നും ഇടയില്‍ ആഗോളതലത്തില്‍ പുതിയ അണുബാധകളുടെ എണ്ണം 3.6 ശതമാനം കുറഞ്ഞു. 2016 ന് ശേഷമുള്ള ഏറ്റവും ചെറിയ വാര്‍ഷിക ഇടിവാണ് ഇത്. കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി വാര്‍ഷിക എച്ച്‌ഐവി അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തില്‍ എയ്ഡ്സ് പ്രതിരോധം അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് യുഎന്‍എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയനിമ പ്രസ്താവനയില്‍ പറഞ്ഞു. എയ്ഡ്സ് ഓരോ മിനിറ്റിലും ഒരു ജീവന്‍ അപഹരിക്കുന്നു. ഫലപ്രദമായ എച്ച്‌ഐവി ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും 2021-ല്‍ 6,50,000 എയ്ഡ്സ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വിന്നി ബയനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *