കൊച്ചി: എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ സൂക്ഷിച്ചിരുന്ന 1.90 ലക്ഷം രൂപ വിലമതിക്കുന്ന റാഡോ വാച്ച് ഉൾപ്പെടെ 124 തൊണ്ടിമുതലുകൾ കാണാതായി. സംഭവത്തിൽ ജെ.എഫ്.സി.എം. രണ്ടാമത്തെ കോടതിയിലെ ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.
2016-ൽ കൊച്ചിയിലെ ഒരു വനിതാ വ്യവസായിയെ ഭീഷണിപ്പെടുത്തി ക്വട്ടേഷൻ സംഘം ആഡംബര കാറും വാച്ചും തട്ടിയെടുത്ത കേസിൽ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു കാണാതായ റാഡോ വാച്ച്. ഭർത്താവിന്റെ വാച്ച് തിരികെ ലഭിക്കുന്നതിനായി വ്യവസായി നൽകിയ ക്ലെയിം ഹർജിയിൽ കഴിഞ്ഞ മാസം കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാച്ച് കൈമാറുന്നതിനായി തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറി പരിശോധിച്ചപ്പോഴാണ് ഇത് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് കൂടുതൽ കേസുകളിലെ 123 തൊണ്ടിമുതലുകൾ കൂടി കാണാനില്ലെന്ന് വ്യക്തമായത്. തൊണ്ടിമുതലുകൾ മുൻപ് വേറൊരു മുറിയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനിടയിലാണോ ഇവ നഷ്ടപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ കോടതി രജിസ്റ്ററുകൾ വിശദമായി പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ സ്ട്രോങ് റൂം ജീവനക്കാരുടെയും കോടതിയിലെ മറ്റ് ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ തുടർനടപടികൾ തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായി തൊണ്ടിമുതലുകൾ ബോധപൂർവ്വം മാറ്റിയതാണോ എന്ന കാര്യവും പോലീസ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
