ആണവ ശാസ്ത്രത്തിന്റെ പിതാവായ ഹോമി ജെ ഭാഭയുടെയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെയും ജീവിത കഥ പറയുന്ന അഭയ് പന്നു സംവിധാനം ചെയ്ത വെബ് സീരീസ് ‘റോക്കറ്റ് ബോയ്സ്’ ഫെബ്രുവരി നാലിന് സോണി ലീവിലാണ് റിലീസ് ചെയ്തത്. ട്രെയ്ലർ മുതലേ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരുന്ന സീരീസിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

ഇന്ത്യയുടെ ബഹിരാകാശ സാഹസികതയുടെ ഇതിഹാസങ്ങള്‍ക്കുള്ള ആദരസൂചകമായും, അവരുടെ സംഭാവനയുടെ പ്രാധാന്യം പുതുതലമുറയെ അറിയിക്കുന്നതിനും വേണ്ടിയാണ് എട്ട് എപ്പിസോഡുകളുള്ള ഇങ്ങനെയൊരു വെബ് സീരീസ് തയ്യാറാക്കിയിരിക്കുന്നത്.വ്യത്യസ്ത സ്വഭാവസവിശേഷതയും താല്പര്യവുമുള്ള രണ്ടു വ്യക്തികളാണ് ഹോമി ജെ ഭാഭയും വിക്രം സാരാഭായിയും. ഇവരുടെ സൗഹൃദവും തുടർന്നുള്ള പരീക്ഷണങ്ങളുമാണ് കഥ. ഇന്ത്യയിൽ ശാസ്ത്രലോകത്തിന് സ്വന്തം ജീവിതം പോലും മാറ്റിവച്ച ഇരുവരുടെയും കഥ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.

നിഖില്‍ അധ്വാനി കഥയും തിരക്കഥയും എഴുതിയിരിക്കുന്ന സീരീസിൽ ഡോ. വിക്രം സാരാഭായിയായി അഭിനയിക്കുന്നത് ഇഷ്വാക് സിംഗും ഡോ. ഹോമി ജെ. ഭാഭയായി ജിം സര്‍ഭയുമാണ്. ഇവർക്കൊപ്പം റജീന കസ്സാന്‍ഡ്ര, രജിത് കപൂര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, സബാ ആസാദ്, നമിത് ദാസ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *