തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു നിരസിച്ചു. ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമൻസിനാണ് ചെയർമാൻ രേഖാമൂലം മറുപടി നൽകിയത്. കേസ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, അതിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നുമാണ് ചെയർമാന്റെ നിലപാട്.

അന്വേഷണം മന്ദഗതിയിലാണെന്ന് കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് ചെയർമാനും അംഗങ്ങളും സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്ന്, അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി വിവരങ്ങൾ നൽകാൻ കോടതി വാക്കാൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ചെയർമാൻ, സെക്രട്ടറി, 4 ബോർഡ് അംഗങ്ങൾ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്ന് ഹൈക്കോടതി ഹർജി ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് ആരും വിട്ടുനിന്നിരുന്നില്ല.

എന്നാൽ, പരീക്ഷാ ക്രമക്കേട് കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പി.എസ്.സി ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ ചെയർമാൻ എം.ആർ. ബൈജുവിൻ്റെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർമാനോട് വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ചെയർമാൻ നോട്ടീസ് തള്ളിയ പശ്ചാത്തലത്തിൽ, കൃത്യമായ നിയമോപദേശം തേടിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *