കൊച്ചി: അമ്മയുടെ മരണത്തിനു കാരണം ചികിത്സാപിഴവെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സുശീലാ ദേവി മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആദ്യമേ ആരോപണമുയർന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ പരാതിയും നൽകി. മകൾ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട് പലരെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. ഡോ. നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് ആശുപത്രി അധികൃതർ സുചിത്രയെ അറിയിച്ചത്. എന്നാൽ പിന്നീട് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ ഇങ്ങനെയൊരു ഡോക്ടർ മെഡിക്കൽ കോളേജിൽ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ 2022 ജൂലൈ മാസത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഇവർ പറയുന്നു. ചികിത്സാ പിഴവ് സംബന്ധിച്ച് ഇദ്ദേഹം അറിഞ്ഞിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്തില്ലെന്നും സുചിത്ര കുറ്റപ്പെടുത്തി. ഗണേഷ് മോഹനെ അടക്കം മാറ്റിനിർത്തിയുള്ള അന്വേഷണമാണ് ഇവർ ആവശ്യപ്പെടുന്നത്.

എന്നാൽ ആദ്യം സുശീല ദേവിയെ ചികിത്സിച്ച ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ പിഴവ് ഉണ്ടായതെന്നാണ് കളമശേരി മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സുശീല ദേവിയെ ചികിത്സിച്ച ഡോ. ഷിജാസ് ആശുപത്രിയിലെ ഹൗസ് സർജനാണ്. അദ്ദേഹം സ്ഥിരം ഡോക്ടർമാരുടെ പട്ടികയിൽ പെടില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *