ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ മത്സരം പൂർത്തിയാകാതെ കളം വിട്ട കേരളബ്ലാസ്റ്റേഴ്‌സിനെതിരേ ശക്തമായ നടപടിക്ക് സാധ്യത. ബെംഗളൂരു എഫ്‌സി വിവാദ ഗോള്‍ നേടിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാളി പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്. ഇത് അച്ചടക്ക ലംഘനമാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതി കണ്ടെത്തി. ഇരു ടീമുകളുടെയും വാദം കേട്ട ശേഷമാണ് സമിതി തീരുമാനത്തിലെത്തിയത്.

ഇതോടെ, ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുണ്ടാകും. മത്സരത്തിൽ നിന്ന് വിലക്കുകയോ പിഴയോ ആയിരിക്കും ശിക്ഷ. റഫറിയുടെ വാദങ്ങൾ കൂടി കേട്ട ശേഷമായിരുന്നു സമിതി തീരുമാനമെടുത്തത്.
നേരത്തേ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്നും മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു.

അച്ചടക്ക സമിതിക്ക് മുമ്പില്‍ ഹാജരായ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ റഫറിയുടെ നടപടിക്കെതിരേ വാദങ്ങള്‍ ഉന്നയിച്ചു. സുനില്‍ ഛേത്രിയുടെ കിക്ക് തടയാനൊരുങ്ങവേ റഫറി തന്നോട് പിന്നിലേക്ക് പോകാന്‍ നിര്‍ദേശിച്ചെന്നും അങ്ങനെ ചെയ്യുമ്പോഴാണ് ഛേത്രി ഗോളടിച്ചതെന്നുമാണ് ലൂണയുടെ വിശദീകരണം. അതേ സമയം ഫിഫയുടെ നിയമപ്രകാരമാണ് താന്‍ ഗോളനുവദിച്ചതെന്നാണ് റഫറി ക്രിസ്റ്റല്‍ ജോണ്‍ വാദിച്ചത്.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58 പ്രകാരകമാണ് ബ്ലാസ്റ്റേഴ്‌സിനെതിരായ നടപടി. ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം കളിക്കാന്‍ വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന്‌ കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴശിക്ഷ ലഭിക്കാം. ഗുരുതരമായ ലംഘനമാണെങ്കില്‍ നടപ്പുസീസണില്‍ നിന്ന് അയോഗ്യരാക്കുകയോ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കുകയോ ചെയ്യാം.

ഐ എസ് എൽ ടൂർണമെന്റിൽ ആദ്യമായാണ് ഒരു ടീം കളി മുയുവാനാകാതെ ഗ്രൗണ്ട് വിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *