എയ്ഡ്‌സ് രോഗാവസ്ഥക്ക് കാരണക്കാരായ എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്‌സിന്‍ നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോഴാണ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമാകുന്നത്.

യൂറോപ്യന്‍ എയ്ഡ്‌സ് വാക്‌സിന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പരീക്ഷണം. എച്ച്.ഐ.വി നെഗറ്റീവായ, 18നും 65നും ഇടയില്‍ പ്രായമുള്ള, ഹൈ റിസ്‌ക് വിഭാഗക്കാരല്ലാത്ത വോളന്റിയര്‍മാരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ കുത്തിവെക്കുക.
എച്ച്.ഐ.വി കോണ്‍സ് വി എക്‌സ് (HIVconsvX) എന്നറിയപ്പെടുന്ന വാക്‌സിന്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, സഹ്യത എന്നിവയാണ് ഒന്നാംഘട്ട പരീക്ഷണത്തില്‍ വിലയിരുത്തുക.

40 വര്‍ഷമായിട്ടും എച്ച്.ഐ.വിക്കെതിരായ ഫലപ്രദമായ വാക്‌സിന്‍ യാഥാര്‍ഥ്യമായിട്ടില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്‌സിന്‍ ഇമ്യൂണോളജി വിഭാഗം പ്രഫസര്‍ തോമസ് ഹാങ്കെ ചൂണ്ടിക്കാട്ടി. എച്ച്.ഐ.വി നെഗറ്റീവ് ആയവര്‍ക്ക് പ്രതിരോധത്തിനായും പോസിറ്റീവ് ആയവര്‍ക്ക് രോഗം ഭേദമാകാനും ഉപയോഗിക്കാവുന്ന വാക്‌സിനാണ് പരീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

1981ല്‍ യു.എസിലാണ് എയ്ഡ്‌സ് ക്ലിനിക്കലി സ്ഥിരീകരിച്ചത്. നിലവില്‍ 3.8 കോടി പേര്‍ ലോകത്താകമാനം എയ്ഡ്‌സ് ബാധിതരായി ഉണ്ടെന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. പ്രതിരോധശേഷിയെ തകര്‍ക്കുന്ന ഈ വൈറസ് ബാധയേറ്റയാള്‍ ഇതര രോഗങ്ങള്‍ ബാധിക്കുന്ന ‘എയ്ഡ്‌സ്’ രോഗാവസ്ഥയിലെത്തും.

എച്ച്.ഐ.വി അണുബാധയെയും എയ്ഡ്‌സിനെയും പ്രതിരോധിക്കാന്‍ വാക്‌സിന്റെ അടിയന്തിരമായ ആവശ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും മേയ് 18 ലോക എച്ച്.ഐ.വി വാക്‌സിന്‍ ബോധവല്‍കരണ ദിനമായി ആചരിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *