മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. കോട്ടയം ജില്ലയിലെ ചെമ്പിലാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെന്ന പി.ഐ. മുഹമ്മദ് കുട്ടി ജനിക്കുന്നത്.ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും പിന്നീട് ലോകോളേജില്‍ നിന്ന് അഭിഭാഷക ബിരുദവും നേടി.
മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകൾ കൊണ്ട് മൂടുകയാണ് കേരളക്കര.ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.

1971 ഓഗസ്റ്റ് ആറിന്, ‘അനുഭവങ്ങള്‍ പാളിച്ചകളെന്ന’ സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തില്‍ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.
സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്