കൊച്ചി: അയ്യമ്പിള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. അയ്യമ്പിള്ളിയില്‍ ഇന്നലെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
ഇരുമ്പ് ചൂല് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിക്ക് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റു. കലാകാരിയായ ഷീജ കളപ്പുരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുമ്പ് ചൂലുകൊണ്ട് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടും മുനമ്പം പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി ഒത്തുകളിക്കുന്നുവെന്നും ഷീജ ആരോപിച്ചു.
‘മെമ്പറുടെ ഒക്കെ സാന്നിധ്യത്തിലാണ് കഴുത്തിനിട്ട് കുത്തിയത്. ഇവരൊക്കെ എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മനസിലാവുന്നില്ല. രണ്ടാമത്തെ കുത്തിന് ഞാന്‍ തിരിഞ്ഞില്ലായിരുന്നെങ്കില്‍ അതെന്റെ കണ്ണിലോ മറ്റെവിടെയെങ്കിലുമോ കുത്തുമായിരുന്നു,’ യുവതി പറഞ്ഞു. തന്റെ ജീവന് വരെ ആപത്തുണ്ടാകാവുന്ന തരത്തില്‍ ശക്തമായിട്ടാണ് അയല്‍വാസി ആക്രമിച്ചതെന്നും യുവതി പറഞ്ഞു.
അയ്യമ്പള്ളി സ്വദേശി സണ്ണിയാണ് കഴുത്തില്‍ കുത്തിയത്. ഇയാളെ മുനമ്പം പൊലീസ് പിടികൂടി. സണ്ണി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ഷീജ ആരോപിക്കുന്നു. വാക്കു തര്‍ക്കത്തിനിടെ ഇയാൾ ശല്യം ചെയ്യാറുള്ള കാര്യം പരസ്യമാക്കിയപ്പോഴായിരുന്നു ആക്രമണം.
