ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകന് അറസ്റ്റില്‍. വെല്‍ജന്‍ ഗ്രൂപ്പ് സി.എം.ഡി വി.സി. ജനാര്‍ദ്ദന്‍ റാവുവാണ് (86) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വീട്ടിനുള്ളിലാണ് സംഭവം.
സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതി കീര്‍ത്തി തേജയെ (28) അറസ്റ്റ് ചെയ്തു. 70 തവണ ജനാര്‍ദനെ കുത്തിയെന്നാണു റിപ്പോര്‍ട്ട്. റാവുവിന്റെ മകള്‍ സരോജിനിയുടെ മകനാണു കീര്‍ത്തി. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സരോജിനിക്കും പലതവണ കുത്തേറ്റു. സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കുടുംബ സ്വത്ത് ഭാഗിക്കാത്തതില് കഴിഞ്ഞ ആറിന് വീട്ടില്‍വെച്ച് ജനാര്‍ദ്ദന്‍ റാവുവും കൊച്ചുമകനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ അപ്രതീക്ഷിതമായി കത്തി എടുത്ത പ്രതി കീര്‍ത്തി മുത്തച്ഛനെ കുത്തുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ബി. ശോഭന്‍ പറഞ്ഞു. പിന്നാലെ വസ്ത്രം മാറി പ്രതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടു.
നഗരം വിട്ട പ്രതിയെ പഞ്ചഗുട്ടയില്നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യു.എസില്‍ പഠനം പൂര്‍ത്തിയാക്കി അടുത്തിടെ മടങ്ങിയെത്തി കീര്‍ത്തി മാതാവിനൊപ്പം സോമാജിഗുഡയിലെ വീട്ടില്‍ ജനാര്‍ദ്ദന്‍ റാവുവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു.
