കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തികച്ചും പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള. താൻ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമേ തനിക്ക് ഉള്ളുവെന്നും സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ തന്നെ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവർ പരസ്യമായി പൊതുയിടത്തിൽ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് തനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും, രാഷ്ട്രീയ പാർട്ടി ബന്ധവുമായാണ് ഞാൻ വരുന്നതെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും പറഞ്ഞതിൽ അവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അവർ കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കണ്ടന്റ് ചെയ്യുന്നതിനു താൽപര്യമുണ്ടെന്നു പറഞ്ഞിട്ടാണു കൂടിക്കാഴ്ച നടത്തിയത്. അവർ പ്രാഥമികമായി ഓകെ എന്നു പറഞ്ഞിരുന്നതിനാൽ ചർച്ചകൾക്കായി കാണുകയായിരുന്നു. ഷൂട്ടോ കാര്യങ്ങളോ അല്ല, വെബ് സീരീസിന്റെ ചർച്ചയായിരുന്നു. ഹോട്ടലിന്റെ റസ്റ്ററന്റിൽ ഇരുന്നായിരുന്നു ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *