കൊച്ചി: കൊച്ചി പുറം കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോര്‍ട്ടുകള്‍. അദാനിയുടെ മുന്ദ്ര, എന്നൂര്‍ തുറമുഖങ്ങളില്‍ എംഎസ്സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
ചെന്നൈയിലെ അദാനിയുടെ എന്നൂര്‍ തുറമുഖത്തില്‍ എംഎസ്സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്നര്‍ ടെര്‍മിനലില്‍ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്സിക്കെതിരെ ക്രിമിനല്‍ നടപടി വേണ്ടെന്നു വെച്ചെന്നും വിമര്‍ശനമുണ്ട്.