കൊച്ചി: ഉദയംപേരൂരില്‍ പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷന്‍ ഓഡിറ്റോറിയം ഉടമ കുരക്കാട് ജെയ്നഗര് കല്ലിങ്കത്തറ വീട്ടില്‍ ദീപു ജേക്കബ് (44)എതിരെയാണ് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തത്.
ഇയാളുടെ നേതൃത്വത്തിലാണ് പ്രാര്‍ഥന നടത്തിയതെന്ന് പൊലീസ് പറയുന്നു. ഈമാസം ഏഴാം തീയതിയാണ് ഓഡിറ്റോറിയത്തില്‍ നടന്ന പാസ്റ്റര്‍മാരുടെ യോഗത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകക്കൊപ്പം പാക് പതാകയും പരസ്യമായി പ്രദര്‍ശപ്പിച്ചത്. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഓഡിറ്റോറിയത്തിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് പാക് പതാക കണ്ടെടുത്തത്. ഇത് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് ചൈനയില്‍ നിന്നാണ്20 രാജ്യങ്ങളുടെ പതാക വാങ്ങിയതെന്നാണ്ഓഡിറ്റോറിയം ഉടമ പൊലീസിനോട് പറഞ്ഞത്. വിവിധ രാജ്യങ്ങള്‍ക്കായുള്ള പ്രാര്‍ഥനയില്‍ ഈ പതാകകള്‍ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.