യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ, യുഎഇ സന്ദർശിച്ചശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം.
നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമർശനങ്ങൾ ഇടയാക്കിയിരുന്നു. നോര്‍വെയിൽ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നു. നോര്‍വെ പിന്നിട്ട് യുകെയിലെത്തുമ്പോൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കൊപ്പം ഭാര്യ പാർവ്വതീദേവിയും ഉണ്ടായികുന്നു.
