കോഴിക്കോട്: കാര്‍ റേസിങ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് യുവാവ് ദാരുണമായി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാറോടിച്ച മഞ്ചേരി സ്വദേശി സാബിത്ത് റഹ്‌മാനെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റുചെയ്തത്. ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടം.
വടകര കടമേരി ആര്‍.എ.സി ഹൈസ്‌കൂളിന് സമീപം വേളത്ത് താഴെകുനി നെടുഞ്ചാലില്‍ സുരേഷിന്റെ ഏക മകന്‍ ആല്‍വിനാണ് (21) മരിച്ചത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ പ്രമോഷനായി ഡിഫന്‍ഡര്‍, ബെന്‍സ് ജി ക്ലാസ് കാറുകളുടെ റേസിങ് വീഡിയോ ആല്‍വിന്‍ റോഡില്‍ നിന്ന് ചിത്രീകരിക്കുന്നതിനിടയില്‍ വാഹനം ഇടിച്ചുകയറുകയായിരുന്നു.
ബെന്‍സ് ജി ക്ലാസ് കാറാണ് ഇടിച്ചത് എന്ന് വ്യക്തമായതോടെയാണ് ഈ വാഹനം ഓടിച്ച സാബിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. അപകടം വരുത്തിയ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്നാണ് വിവരം. അപകടമുണ്ടാക്കിയ രണ്ടു കാറുകളും നിലവില്‍ വെള്ളയില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.