അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാക് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാന മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു.
മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഇമ്രാൻ ഖാനെ പൊലീസ് ലൈൻ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
