പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയിരിക്കുകയാണ്.

കൊലപാതക ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. എന്നാല്‍, ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലക്കുശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ വകവരുത്താന്‍ പറ്റാത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.

ജനുവരി 27ന് രാവിലെയാണ് അയല്‍വാസികളായതിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്തമാര പിടിയിലായത്. ശാസ്ത്രീയ തെളിവുകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങള്‍, പ്രതിയുടെ വസ്ത്രം എന്നിവ പൊലീസിന് കണ്ടെടുക്കാനായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *