സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് (എം) രംഗത്ത്.സിപിഐ വിമര്‍ശനം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. പരാമര്‍ശങ്ങള്‍ സിപിഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ സിപിഐയുടേതല്ലെങ്കില്‍ അത് നിഷേധിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ട് ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പല തെരഞ്ഞെടുപ്പുകളിലും തോറ്റവരാണ്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം അറിയണമെങ്കില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി. പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവയ്ക്കുന്നത് പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് (എം) വിമര്‍ശിച്ചു.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജോസ് കെ മാണിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനമുണ്ടായിരുന്നു. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നുമായിരുന്നു വിമര്‍ശനം.
ജോസ് കെ മാണി മുന്നണി വിട്ടത് യുഡിഎഫിനെ ക്ഷീണിപ്പിച്ചെങ്കിലും എല്‍ഡിഎഫിന് അതുകൊണ്ട് പ്രത്യേക നേട്ടമൊന്നും ഉണ്ടായില്ല.കേരള കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്നെങ്കില് പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് പറയുന്ന പാലായിലും കടുത്തുരുത്തിയിലും ജയിച്ചേനെയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
