തൃശൂര്‍: മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ.രാജന്‍. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്, ആ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളം ആവശ്യപ്പെടുന്നത് ഉപാധികള്‍ ഇല്ലാത്ത ധനസഹായമാണ്. എന്നാല്‍ അതിനുപകരം ലോണ്‍ തരാമെന്ന് പറയുക മാത്രമല്ല , അതിന് ഇറക്കിയിരിക്കുന്ന നിബന്ധനകള്‍ നമ്മെ പേടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ ഒരു വാക്ക് പോലും മുണ്ടക്കൈയെ പറ്റി പരാമര്‍ശിച്ചിട്ടില്ല. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചയെ മതിയാകൂ എന്ന് വാശിയോടെ പറയുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. ലഭിച്ച പണം ചെലവഴിക്കാന്‍ കഴിയും എന്ന് പരിശോധിക്കുമെന്നും രാജന്‍ പറഞ്ഞു.
അതേസമയം, മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 530.50 കോടി വായ്പാ സഹായം പാഴാകാതിരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നടത്തിപ്പ് വേഗത്തിലാക്കാന്‍ വകുപ്പുതല സെക്രട്ടറിമാരുടെ യോഗം ഉടന്‍ ചേരും. മാര്‍ച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.