കൊച്ചി: ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ഇന്ന് പെരുന്നാള്‍ നമസ്‌കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. ബലി കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം ബന്ധു വീടുകളിലെ സന്ദര്‍ശനവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെയായി വിശ്വാസികള്‍ ഒത്തു കൂടുന്നു.
ഹജ് കര്‍മ്മം പൂര്‍ത്തിയാക്കി സൗദിയില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍ ആഘോഷം. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചിരുന്നു.