ബത്തേരിയില്‍ വന്‍ എം.ഡി. എം.എ വേട്ട. മലദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എയുമായി ബസ് യാത്രികനായ യുവാവ് അറസ്റ്റില്‍. വയനാട് പോലീസാണ് ഇയാളെ വിദഗ്ധമായി പിടികൂടിയത്. കവറടക്കം 64 ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
കോഴിക്കോട് പരപ്പന്‍ പൊയില്‍, തെക്കേ പുരയില്‍ വീട്ടില്‍ സനീഷ് കുമാര്‍ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ച് സ്കാന്‍ ചെയ്യുകയായിരുന്നു.
പരിശോധനയില്‍ വയറ്റിനുള്ളില്‍ ഉരുള രൂപത്തില്‍ സൂക്ഷിച്ച നിലയില്‍ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നില്‍ വച്ചു കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആര് ടി സി ബസില്‍ പരിശോധന നടത്തി വരവേയാണ് ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ഇയാളെ പിടി കൂടുന്നത്.
