എൻഐടിയിൽ മൂന്നുനാൾ നീണ്ട ശാസ്ത്ര-സാങ്കേതിക മാമാങ്കം ‘സ്വശ്രയ ഭാരത് 2025’ന് കൊടിയിറങ്ങി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി-സി) മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര-സാങ്കേതിക മേളയായ ‘സ്വശ്രയ ഭാരത് 2025’ന് വെള്ളിയാഴ്ച സമാപനമായി. ഒക്ടോബർ 15-ന് ആരംഭിച്ച മേളയിൽ വടക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 6000-ൽ പരം വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു. ശാസ്ത്ര, നൂതനാശയങ്ങളുടെ ആഘോഷമായി മേള മാറി.
വിജ്ഞാന ഭാരതിയുടെ സംസ്ഥാന ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റ്-കേരള, എൻഐടി കാലിക്കറ്റുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചത്. നീലിറ്റ് കാലിക്കറ്റ് പ്രധാന പിന്തുണ നൽകി.
പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള സംവാദം, 30 മണിക്കൂർ നീണ്ട ഹാക്കത്തോൺ, ശാസ്ത്ര സിനിമകളുടെ പ്രദർശനം, സ്റ്റാർട്ടപ്പുകൾക്കും പുതിയ സംരംഭകർക്കും ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദി എന്നിവ മേളയുടെ ഭാഗമായി നടന്നു.
മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ശാസ്ത്ര-സാങ്കേതിക എക്സ്പോ. ഡിആർഡിഒ, ഐഎസ്ആർഒ, എൻപിസി, ആർജിസിബി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രമുഖ ദേശീയ സ്ഥാപനങ്ങൾ പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ചു. സാധാരണക്കാരായ കണ്ടുപിടുത്തക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച ബിസിനസ് പിച്ചിംഗ് സെഷനും വലിയ ജനശ്രദ്ധ നേടി.
സമാപന സമ്മേളനത്തിൽ എൻഐടി-സി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഡിആർഡിഒ ഡയറക്ടർ ഡോ. ബി.കെ. ദാസ്, നീലിറ്റ്-സി ഡയറക്ടർ ഡോ. പ്രതാപ് കുമാർ എസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. ഉണ്ണികൃഷ്ണൻ മേളയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *