മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്.കാന്തപുരം നേതാവ് വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാറിന്റെ പേരിലാണ് പോസ്റ്റ്.
ഇടത് സ്ഥാനാര്‍ഥി കാന്തപുരത്തിന്റെ അനുഗ്രഹം വാങ്ങിയില്ലെന്നും പരിപാടികള്‍ക്ക് വിളിച്ചാല്‍ വരാറില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. നിലമ്പൂരില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം എന്നും വ്യാജ പോസ്റ്റിലുണ്ട്. ‘കേരളത്തില്‍ എവിടെ ഇലക്ഷന്‍ നടന്നാലും കാന്തപുരം ഉസ്താദിന്റെ അനുഗ്രഹം വാങ്ങാതെ ഒരു സ്ഥാനാര്‍ഥിയും കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ല.ഉസ്താദിന്റെ കാലം തീരുംവരെ ഉണ്ടാവുകയുമില്ല. എന്നാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥി ആ കീഴ് വഴക്കം മറന്നു.അത് ഓര്‍മ്മിപ്പിക്കേണ്ട ബാധ്യത കാന്തപുരം ഉസ്താദിനെ നെഞ്ചേറ്റിയ സുന്നി മക്കള്‍ക്കുമുണ്ടെന്നും’ വ്യാജ പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ വ്യാജ പോസ്റ്റില്‍ വഞ്ചിതരാകരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായ വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍ പറഞ്ഞു.’സത്യസന്ധതയുടെ യാതൊരു കണികയുമില്ലാത്തവര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി എന്റെ പേരില്‍ വ്യാജമായി സ്‌ക്രീന്‍ ഷോട്ട്ഇറക്കിയിട്ടുള്ളത്.പീഡിത വിഭാഗങ്ങള്‍ അവര്‍ എവിടെ ഉള്ളവരാണങ്കിലും അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന സ്വരാജിനെതിരെ സുന്നികള്‍ വോട്ടു ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നു എന്ന നിലയിലുള്ള പച്ചനുണയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്..’വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.