ബ്രിട്ടീഷ് ഭരണകാലത്ത് ഹാമിൽട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇരവികുളം നാഷണൽ പാർക്ക് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിൻ്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നു.

97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് തമിഴ്നാട്ടിലെ ആനമല ടൈഗർ റിസർവ്, മറയൂർ ചന്ദനവനം, മാങ്കുളം, മൂന്നാർ ഡിവിഷൻ, ചിന്നാർ വന്യജീവി സങ്കേതം എന്നിവയുമായി അതിർത്തി പങ്കിടുന്നു. ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരമുള്ള ആനമുടി (2695 മീറ്റർ) ഈ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്.

1971-ൽ കേരള സർക്കാർ ഈ പ്രദേശം ഏറ്റെടുത്ത്, 1975-ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്ന പേരിൽ ഔപചാരികമായി അംഗീകരിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പ് ഒരു വർഷം നീണ്ടുനിൽക്കുന്ന 50 പരിപാടികൾ ആസൂത്രണം ചെയ്തു. ലോഗോ പ്രകാശനം ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന് നൽകി നിർവഹിച്ചു. സുവർണ ജൂബിലിയുടെ ഭാഗമായി 2025-ലെ വരയാടുകളുടെ സമ്പൂർണ കണക്കെടുപ്പ് സംസ്ഥാന തലത്തിൽ ആദ്യമായി നടന്നു.

സാംസ്കാരിക-വിദ്യാഭ്യാസ പരിപാടികൾ, വെബിനാറുകൾ, സെമിനാറുകൾ, പരിശീലനങ്ങൾ, ഷോർട്ട് ഫിലിം ഫെസ്റ്റ്, മത്സരങ്ങൾ, ഇക്കോ റൺ ഓട്ട മത്സരം, വിരമിച്ച ഉദ്യോഗസ്ഥരുടെ കൂടിച്ചേരൽ, ആവാസ വ്യവസ്ഥ പുന:സ്ഥാപനങ്ങൾ, ഗ്രീൻ സ്കൂൾ ക്വിസ്, മൂന്നാർ മേഖലയിലെ 50 സ്കൂളിലെ കുട്ടികൾക്ക് പ്രത്യേക ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കും. 2026 മാർച്ചിൽ സമാപന പരിപാടികൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *