കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതസ്തംഭനം പരിഹരിക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ച മെട്രോ റെയിൽ, പാർക്കിംഗ് പ്ലാസ തുടങ്ങിയ പദ്ധതികളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും (എം.ഡി.സി.) കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും (സി.ഐ.ആർ.യു.എ.) സംയുക്ത യോഗം ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ മൂലം ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായിരുന്നെങ്കിലും നിലവിൽ സ്ഥിതി വീണ്ടും ഗുരുതരമായിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് ഇരുചക്രവാഹനങ്ങളിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡൽഹി മെട്രോ നിർമ്മിച്ച പ്രമുഖ കമ്പനിയെയാണ് സ്റ്റേഷൻ നവീകരണം ഏൽപ്പിച്ചതെന്ന് അവകാശപ്പെടുമ്പോഴും ഒച്ചിഴയുന്ന വേഗതയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം.ഡി.സി. പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ ഇല്ലാത്തവിധമുള്ള യാത്രാദുരിതമാണ് നഗരം ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ബസ്സുകളുടെ അമിതവേഗവും ഇടതുവശത്തുകൂടിയുള്ള അപകടകരമായ ഓവർടേക്കിംഗും യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. നഗരത്തിലെ പാർക്കിംഗ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം അനിവാര്യമാണ്.
യോഗത്തിലെ പ്രധാന ആവശ്യങ്ങൾ:
നഗരത്തിൽ സർക്കുലർ ബസ്, മിനി ബസ് സർവീസുകൾ ആരംഭിക്കുക.
ഷെയർ ഓട്ടോ സംവിധാനം നടപ്പാക്കുക.
പൊതുസ്ഥലങ്ങളിൽ ഹൈഡ്രോളിക് പാർക്കിംഗ് സൗകര്യമൊരുക്കി കൂടുതൽ വാഹനങ്ങൾ നിർത്താൻ സംവിധാനമുണ്ടാക്കുക.
യാത്രക്കാർക്കായി സുരക്ഷിതമായ ബസ് വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുക.
എം.ഡി.സി. ഓഫീസിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ എ. ശിവശങ്കരൻ, ടി.പി. വാസു, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, സെക്രട്ടറിമാരായ പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ കൺവീനർ സൺഷൈൻ ഷൊർണൂർ, റിയാസ് നരോത്, സി.കെ. മൻസൂർ, ജെ.ആർ. ജോൺസൺ എന്നിവർ സംസാരിച്ചു.
ഷെവലിയർ സി. ഇ. ചാക്കുണ്ണി
9847412000
19-11-2026.
