കണ്ണൂര്‍: മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ്. ‘റസീനയുടെ സുഹൃത്താണ് മരണത്തിന് പിന്നിലെന്നും പണവും സ്വര്‍ണവും കാണാനില്ലെന്നുമുള്ള മാതാവിന്റെ ആരോപണം പൊലീസ് പരിശോധിക്കും. ആത്മഹത്യ കുറിപ്പില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം കണ്ടിട്ടില്ല. സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങള്‍ കുടുംബത്തിന് ഉണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടില്ല’ -അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കായലോടാണ് സംഭവം. മരപ്പെട്ട സ്ത്രീയും സുഹൃത്തും സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളില്‍ ആള്‍ക്കാര്‍ വരികയും അവര്‍ ഇവരോട് മോശമായ രീതിയില്‍ സംസാരിക്കുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചെയോ ആണ് റസീനയെ വീട്ടില്‍ തൂങ്ങിമരിച്ചത്. അവരുടെ ശരീരത്തില്‍ നിന്ന് തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. സംഭവത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഇതില്‍ കൃത്യമായിട്ട് വിവരിക്കുന്നുണ്ട്. അവരും സുഹൃത്തും സംസാരിക്കുന്നതിനിടെ കുറേപ്പേര്‍ വരികയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയില്‍ ചിത്രീകരിക്കുകയും സുഹൃത്തിന്റെ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു.