തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി. പ്രതിപക്ഷത്തുനിന്ന് അനൂപ് ജേക്കബ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
കേരളത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതെന്ന് അനൂപ് ജേക്കബ് ചോദിച്ചു. സ്ത്രീ സുരക്ഷ ഉറപ്പു നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തില്‍ പട്ടാപ്പകല്‍ സ്ത്രീകളെ പാര്‍ട്ടിക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോകുന്നു.
കൂത്താട്ടുകുളത്തെ അവിശ്വാസ പ്രമേയ പ്രക്രിയയ്ക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതാണ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാര്‍ സുരക്ഷ നല്‍കാനെന്ന വ്യാജേന അവിടെ വന്നുനിന്നു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശക്തി സിപിഎമ്മിനില്ലേ
കൗണ്‍സിലറെ തട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ സുഖമായി കടന്നുപോകാനുള്ള സൗകര്യം പൊലീസ് ഒരുക്കി. യുഡിഎഫ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും ആക്രമിക്കുന്നത് പൊലീസ് നോക്കിനിന്നു. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് അവിടെ കണ്ടതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കലാ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്.