കോഴിക്കോട്: അനാഥ, അഗതി, ദരിദ്ര്യ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിനുമായി സ്ഥാപിക്കപ്പെട്ട ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നാല്പത്തൊന്നാം വാര്‍ഷികം വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു.
കാംപസിലെ സുല്‍ത്താന്‍ അലി സ്റ്റേഡിയത്തില്‍ ദയാപുരം ട്രസ്റ്റ് ചെയര്‍മാന്‍ കെ.കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി യുടെ ഓര്‍മയ്ക്കുമുന്നില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ‘സാദരം നൃത്തസംഗീതാവിഷ്‌കാരത്തോടെയാണ് കലാവിരുന്ന് ആരംഭിച്ചത്. ദയാപുരം പാട്രണ്‍ സി ടി അബ്ദുറഹിം രചിച്ച തപ്തസ്മരണകള്‍ എന്ന കവിത അധ്യാപിക എം ശ്രീലക്ഷ്മി ആലപിച്ചു.
പ്രിന്‍സിപ്പല്‍ പി ജ്യോതി വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാംപസില്‍ ഈ വര്‍ഷം നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും അടുത്തവര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും എക്‌സിക്യൂട്ടീവ് സെക്രട്ടറി സി ടി ആദില്‍ വിശദീകരിച്ചു. സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് മീറ്റ്, മലബാര്‍ സഹോദയ ഖൊ-ഖൊ ടൂര്‍ണമെന്റ്, വോളിബോള്‍, അത് ലറ്റിക്‌സ് മീറ്റ്, സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ്, കലാമത്സരങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളിലെ ചാമ്പ്യന്‍മാരെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, കാര്‍ട്ടൂണിസ്റ്റ് മദനന്‍, ഷെയ്ഖ് അന്‍സാരി ഫൌണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ ബാപ്പു എന്നിവര്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു.
തുടര്‍ന്ന് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം അനുസ്മരിപ്പിക്കുന്ന വിവിധ നൃത്തനൃത്യനാട്യപരിപാടികള്‍ അരങ്ങേറി.