മമ്മൂഞ്ഞെന്നാണ് ഉമ്മ മമ്മൂട്ടിയെ വിളിച്ചിരുന്നത്. മുഹമ്മദ് കുട്ടി എന്നത് വല്യുപ്പയുടെ പേരായിരുന്നു. അത് ചുരുക്കി മമ്മൂട്ടി എന്നാക്കിയതില്‍ മകനെ വഴക്ക് പറഞ്ഞിരുന്നു ഉമ്മ. ആ പേരിലാണ് എല്ലാവരും മകനെ വിളിക്കുന്നതെങ്കിലും അവന്‍ എന്നും എന്റെ മമ്മൂഞ്ഞാണെന്നായിരുന്നു ഉമ്മ പറഞ്ഞത്. കല്യാണം കഴിഞ്ഞ് 5 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായാണ് അവന്‍ ജനിച്ചത്. അതിന്റേതായ ലാളനകളല്ലാം അവന് ലഭിച്ചിരുന്നു.

ചെറുപ്പത്തില്‍ തീരെ അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു. ചെമ്പില്‍ നിന്നും ഒറ്റയ്ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കല്‍ വരെ പോയിട്ടുണ്ട് 14ാമത്തെ വയസില്‍. അന്ന് തിരിച്ച് വന്നപ്പോള്‍ അടിച്ചിരുന്നു. അടികൊണ്ട് വള്ളത്തിലേക്ക് തന്നെയാണ് വീണത്. എങ്ങനെയാണെന്നറിയില്ല തുഴയാനൊക്കെ അവന് നല്ല കഴിവായിരുന്നുവെന്നാണ് ഉമ്മ പറഞ്ഞത്.

ബാപ്പയാണ് ആദ്യമായി മകനെ സിനിമ കാണിക്കാനായി കൊണ്ടുപോയത്. അവിടെ അടുത്തുള്ള സിനിമാകൊട്ടകയിലേക്കാണ് പോയത്. പിന്നീട് അനിയന്‍മാരെയൊക്കെ കൂട്ടി സിനിമയ്ക്ക് പോവാറുണ്ട്. ഏത് സിനിമ വന്നാലും പോവുമായിരുന്നു. പിന്നീട് മകന്റെ സിനിമ മകനൊപ്പം കാണാനും അവസരം ലഭിച്ചു.

മകന്‍ അഭിനയിച്ച സിനിമ അവന്റെ കൂടെ പോയി കണ്ടതിനെക്കുറിച്ചും ഉമ്മ അന്ന് പറഞ്ഞിരുന്നു. അവന്‍ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്. മകനെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവ് ആഗ്രഹിച്ചത്. അവന്‍ കലയുടെ വഴിയെ പോയി. മക്കളും കൊച്ചുമക്കളുമെല്ലാം ആ വഴിയെ പോയി സിനിമാക്കാരായി. അത് ദൈവനിശ്ചയമാണ്. അതങ്ങ് നടന്നു. അതില്‍ നമുക്കെന്താണ് പങ്ക്, എപ്പോഴും അവനെ കാണാന്‍ പറ്റില്ലല്ലോ എന്നതില്‍ സങ്കടമുണ്ട്. പിന്നെ ടിവിയില്‍ കാണാലോ അതോര്‍ത്താണ് ആശ്വസിക്കാറുള്ളതെന്നുമായിരുന്നു ഉമ്മ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *