സ്ത്രീകളെ കാണുമ്പോൾ അമ്പരന്ന് പോകുന്ന പല ജോലികളും ഇന്നും നമ്മുടെ നാട്ടിലുണ്ട്. അയ്യോ, ഒരു സ്ത്രീ എങ്ങനെ ഈ ജോലി ചെയ്യും എന്നതാണ് പലരുടേയും അതിശയം. അതുപോലെ ഒരു ജോലിയാണ് സെമിത്തേരിയിലെ ജോലി. ഒരിക്കലും സ്ത്രീകൾക്കത് പറ്റില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ആ ധാരണകളെ പൊളിച്ചുകൊണ്ട് ആ ജോലി ചെയ്യുന്നവരുമുണ്ട്. അതിലൊരാളാണ് മൈസൂരിൽ നിന്നുള്ള നീലമ്മ.മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നതും കഴിയുന്നതും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരില്ല എന്നൊരു ധാരണയുള്ളതുകൊണ്ട് തന്നെ നീലമ്മ പലർക്കും അമ്പരപ്പാണ്. ഭർത്താവ് മരിച്ചതിന് ശേഷമാണ് നീലമ്മ ഭർത്താവിനെ അടക്കിയ ആ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുന്നത്. സാധാരണയായി പുരുഷന്മാർ ചെയ്യുന്ന ജോലികളായ ശവക്കുഴി കുഴിക്കുക, മരണാനന്തരചടങ്ങുകളിൽ എത്തുന്നവരെ സഹായിക്കുക തുടങ്ങിയ എല്ലാ ജോലിയും അവിടെ നീലമ്മ തന്നെയാണ് ചെയ്യുന്നത്. പ്രദേശത്തെ എല്ലാവർക്കും നീലമ്മയെ വലിയ ബഹുമാനവും സ്നേഹവുമാണ്. മൃതദേഹം അടക്കാനെത്തുന്ന ആരോടും അവർ ഒരു പ്രത്യേകം തുക പറഞ്ഞ് വാങ്ങാറില്ല. പകരം എന്താണോ കൊടുക്കുന്നത് അത് വാങ്ങുകയാണ് ചെയ്യുന്നത് എന്നും ന്യൂസ് കർണാടക എഴുതുന്നു. 5 ഏക്കർ വരുന്ന സെമിത്തേരി നോക്കി നടത്താൻ മകനും നീലമ്മയെ സഹായിക്കുന്നു. 2005 -ൽ തനിക്ക് ഒരു കുഴി കുഴിക്കുന്നതിന് 200 രൂപയാണ് കിട്ടിക്കൊണ്ടിരുന്നത്. ഇന്ന് 1000 രൂപ തരുന്നുണ്ട് എന്ന് നീലമ്മ പറയുന്നു. നാട്ടിലുള്ളവർക്കെല്ലാം നീലമ്മയെ വലിയ ബഹുമാനമാണ്. അമ്മയ്ക്ക് കിട്ടുന്ന സ്ഥാനത്തിലും ആദരവിലുമെല്ലാം വലിയ അഭിമാനം തോന്നുന്നു എന്ന് നീലമ്മയുടെ മകൻ ബസവരാജേന്ദ്ര പ്രസാദും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *