വൈക്കം: തലയോലപ്പറമ്പില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തി തുറന്ന് അകത്തു കയറി അലമാരയില്‍ നിന്നു 13 പവന്‍ സ്വര്‍ണവും 11000 രൂപയും കവര്‍ന്നു. സംഭവത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയോലപ്പറമ്പില്‍ മിഠായിക്കുന്നം തട്ടുംപുറത്ത് ടികെ മധുവിന്റെ വീട്ടിലാണ് ഇന്നലെ പകല്‍ മോഷണം നടന്നത്. ടിവിപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനായ മധുവും കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകള്‍ സ്‌കൂളിലുമായിരുന്നു.
ഇന്നലെ വൈകുന്നേരം മകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടു കുത്തി തുറന്ന് അലമാരയിലെ വസ്തുക്കള്‍ പുറത്തു വലിച്ചു വാരിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മകള്‍ അറിയിച്ചതിനെ തുടര്‍ന്ന് മധുവും ഭാര്യയും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് മധു തലയോലപറമ്പ് പോലീസില്‍ പരാതി നല്‍കി. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.