പ്രധാനമന്ത്രി പങ്കെടുത്ത യുവജന സംഗമ പരിപാടി ‘യുവത്തെ പരിഹസിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആന്ധ്രാപ്രദേശിൽ നിന്ന് പോലും കുട്ടികളെ ഇറക്കുമതി ചെയ്ത സദസിന് അപ്രതീക്ഷിത ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നില്ലെന്നും നടന്നത് മൻ കി ബാത്ത് പരിപാടി മാത്രമാണെന്നും ഫിറോസ് പറഞ്ഞു.
എന്നാൽ ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ആളുണ്ടെന്നും അതിൽ നിന്നകന്ന് നിൽക്കണമെന്നുമുളള പ്രധാനമന്ത്രിയുടെ ഉപദേശം ഞെട്ടിച്ചു കളഞ്ഞുവെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്നേവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത നരേന്ദ്രമോദി എങ്ങിനെയാണ് യുവാക്കളുടെ, അതും കേരളത്തിലെ യുവാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയെന്ന ആകാംക്ഷയായിരുന്നു എല്ലാവർക്കുമെന്ന പോലെ എനിക്കുമുണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നുപോലും കോളേജ് കുട്ടികളെ ഇറക്കുമതി ചെയ്ത സദസ്സിനു പക്ഷെ അപ്രതീക്ഷിത ചോദ്യങ്ങൾ ചോദിക്കാൻ അങ്ങനെയൊരു അവസരമുണ്ടായില്ല. മൻകി ബാത്തെന്ന റേഡിയോ സംഭാഷണം മാത്രമാണ് സംഭവിച്ചത്. കേരളത്തിൽ വന്നപ്പോൾ പതിവുശൈലിയിൽ നിന്ന് വ്യത്യസ്തമായി വർഗ്ഗീയതയും വിദ്വേഷ പരാമർശങ്ങളും ഒഴിവാക്കി വികസന വിഷയങ്ങൾ മാത്രം ചർച്ചക്ക് വിധേയമാക്കിയ താൽക്കാലിക മാറ്റം നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ആളുണ്ടെന്നും അതിൽ നിന്നകന്നു നിൽക്കണം എന്നമുള്ള ഉപദേശം ഞെട്ടിപ്പിച്ചു കളഞ്ഞു. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന് പറഞ്ഞ് ഭാഷയുടെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ഭരണകൂടത്തിന്റെ തലവൻ, വേഷം കണ്ടാൽ ആളെ തിരിച്ചറിയാമെന്ന പ്രസ്താവന നടത്തിയ നേതാവ്, ലോകത്തിലെ ഏതു മുന്തിയ ഡിറ്റർജെന്റുകൾക്കും കഴുകിക്കളയാൻ കഴിയാത്ത രക്തക്കറ സ്വന്തം കൈകളിൽ പറ്റിയ ഒരാൾ… വിശേഷണങ്ങൾ പലതുമുള്ള ഒരു വ്യക്തിയാണ് ഇത് പറയുന്നതെന്നോർക്കണം! കേന്ദ്ര സർക്കാർ ഉണ്ടാക്കിയ പുതിയ തൊഴിൽ സാധ്യതകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പക്ഷേയത് വിദേശത്താണെന്നു മാത്രം. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെയും വിദേശത്ത് ജോലിതേടി പോകുന്നവരുടെയും കണക്കുകളിൽ ഓരോ കൊല്ലവും ലക്ഷക്കണക്കിന് വർദ്ധനവാണുള്ളത്.10 ശതമാനത്തിനടുത്താണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കണക്കാണിത്. കേരളത്തിലുള്ളവർ സ്വർണക്കടത്തിന് പിന്നാലെ പോവുകയാണെന്ന പൊതുവത്ക്കരിച്ച പ്രസ്താവന നടത്തിയ പ്രധാനമന്ത്രി പക്ഷെ, അദാനിയുടെ കമ്പനിയിലെ 20000 കോടി ആരുടെതെന്ന് തനിക്ക് നേരെ ഉയർന്നുവന്ന ചോദ്യത്തിന് രാഷ്ട്രീയമായി പോലും മറുപടി പറഞ്ഞില്ല. ഒരുകാലത്ത് ഏറ്റവും ദുർബലമായ സമ്പദ് വ്യവസ്ഥയുണ്ടായിരുന്ന ഇന്ത്യ, ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള നാടായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറയുമ്പോൾ ലോക രാഷ്ട്രങ്ങൾ ബദ്ധ ശ്രദ്ധയോടെ നിരീക്ഷിച്ച ഡോ: മൻമോഹൻ സിംഗ് ചൂളിപ്പോകും. അദ്ദേഹത്തിൻറെ കാലത്തെ GDPയുടെ പകുതിപോലും കടക്കാൻ കഴിയാതെ പലവർഷങ്ങളിലും നിരങ്ങി നീങ്ങുന്ന മോദിയുടെ കാലത്തെ നോട്ടുനിരോധന സമ്പദ് വ്യവസ്ഥ ഒരു രാജ്യം എങ്ങിനെയാവരുത് എന്നതിനുള്ള ഉദാഹരണമായി മാറിയിരിക്കുകയാണ്. ലോകം മിഴിച്ചു നിന്നേക്കാവുന്ന വരാൻ പോകുന്ന വികസനങ്ങളെ കുറിച്ച് സംസാരിച്ചു നേരം കളഞ്ഞ പ്രധാനമന്ത്രിയോട് പക്ഷെ പെട്രോളിനെയും പാചകവാതത്തെയും കുറിച്ച് ചോദിക്കാൻ ആർക്കും അവസരമുണ്ടായില്ല. കേരളത്തിന് ഒരു വ്യാഴവട്ടകാലത്തേക്കുള്ള മൊത്തം വികസനവും കേന്ദ്രം നൽകിയ പോലെ വന്ദേ ഭാരതിനെ ആഘോഷിക്കുമ്പോൾ സാധാരണക്കാർക്കും എസി പ്രാപ്യമാക്കിയ ഗരീബ് രഥ്‌, പിന്നെ തുരന്തോ, മഹാരാജ ട്രെയിനുകൾ ഉൾപ്പെടെ എത്രയോ ട്രെയിനുകൾ അവതരിപ്പിച്ച മൻമോഹൻ സിംഗും വെറും 19 മാസംകൊണ്ട് കേരളത്തിന് 19 ട്രെയിൻ അനുവദിച്ച ഇ അഹമ്മദ് സാഹിബുമൊക്കെ ഇതെല്ലാം ആഘോഷിച്ചു തീർക്കാൻ നാലുജന്മമെങ്കിലും ജനിക്കണ്ടേ? സുരക്ഷാ കവചങ്ങൾക്ക് അകത്തുനിന്നുകൊണ്ട് ഒരുകിലോമീറ്റർ നടന്ന പ്രധാനമന്ത്രി ഒരപൂർവ്വതയായി മാധ്യമങ്ങൾക്ക് തോന്നുന്നു. യാതൊരു മറയും കൂടാതെ ജനങ്ങളോട് ചേർന്ന് നിന്ന് ഇന്ത്യയിലുടനീളം മൂവായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച രാഹുൽ ഗാന്ധി ഉയർത്തിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് നേരെ ഇന്നും നിശബ്ദതയാണ്. ഇത്തരം പൊറാട്ട് നാടകങ്ങൾകൊണ്ട് കേരളത്തിലെ പ്രബുദ്ധരായ സാധാരണക്കാരെ മയക്കാമെന്നതും താമര വിരിയിക്കാമെന്നതും ബിജെപിയുടെ വ്യാമോഹങ്ങൾ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *