തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കെ സുധാകരന്‍. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും മാറ്റിയാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. മാറ്റിയാല്‍ കുഴപ്പമില്ല. പരാതിയുമില്ല’, കെ സുധാകരന്‍ പറഞ്ഞു. താന്‍ തൃപ്തനായ മനസിന്റെ ഉടമയാണ്. റിപ്പോര്‍ട്ടിനെ പറ്റി കനുഗോലുവിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കേരളത്തിലെ സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം സുനില്‍ കനുഗോലു സമര്‍പ്പിച്ചു.