കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യം ചോദിക്കരുതെന്ന നിർദ്ദേശവുമായി പൊലീസ്. മൈക്കുമായി പോകരുത് മാറിനിൽക്കാനായിരുന്നു എറണാകുളം എസിപി പീറ്റർ കെ ജെയുടെ നിർദ്ദേശം. മാറി നിന്നാൽ മതി, Z+ സുരക്ഷയുള്ളയാളാണ് എന്നും പോലീസ് മാധ്യമ പ്രവർത്തകരോട് നിർദ്ദേശിച്ചു.
ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടാണ് നിർദേശം. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പൊലീസ് അനുവദിച്ചില്ല.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശന് കയർത്തിരുന്നു. ഇടുക്കി കളക്ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്. ‘ഞാന്‍ നിങ്ങളെ കാണുന്നില്ല’ എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞു. യോഗ തീരുമാനം അറിയിക്കുന്നില്ലേയെന്ന ചോദ്യത്തോട് ‘ഞാന്‍ കാണുന്നില്ല. മാറി നില്ക്കൂ. നിങ്ങളെ കാണുന്നില്ല. ഇവരില്‍ നിന്നും പരാതി വാങ്ങിക്കട്ടെ. എന്തോരം പബ്ലിക്ക് ആണ് ഇവിടെ നില്‍ക്കുന്നത്’ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ ഒഴിവാക്കിയത്.
