തിരുവനന്തപുരം: പമ്പയിൽ വെച്ച് നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 55 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു. സ്‌പോൺസർഷിപ്പിലൂടെ ലഭിച്ച തുകയിൽ നിന്നാണ് ഈ തുക കൈമാറിയത്. നിലവിൽ 3.69 കോടി രൂപ ഇതുവരെ കമ്പനിക്ക് നൽകിയിട്ടുണ്ട്. ഏകദേശം 1.06 കോടി രൂപയാണ് ഇനി ഇവർക്ക് നൽകാനുള്ളത്. സ്പോൺസർഷിപ്പ് വഴി കൂടുതൽ പണം ലഭിച്ചാൽ മാത്രമേ ബാക്കി തുക നൽകാൻ സാധിക്കൂ എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. എന്നാൽ, സംഗമത്തിനായി ആകെ 7 കോടി രൂപ ചെലവായെന്നും ആ തുക മുഴുവൻ ലഭിക്കണമെന്നുമാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ ആവശ്യം.
പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസം പിന്നിട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏര്‍പ്പെടുത്തുന്നതിനും മറ്റുമുള്ള ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതിനെക്കാള്‍ കൂടുതലാണെന്ന് ഓഡിറ്റിങ്ങില്‍ വ്യക്തമായെന്നും ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഓഡിറ്റ് സ്ഥാപനമായ വിജയന്‍ ആന്‍ഡ് അസോസിയേറ്റ്സായിരുന്നു അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോര്‍ഡ് ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നായിരുന്നു യുഡിഎഫ് പറഞ്ഞത്.
