മാനന്തവാടി: വയനാട്ടിലെ തിരുനെല്ലി അപ്പപ്പാറ വാകേരിയില്‍ ഒന്നിച്ചുകഴിഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. പിലാക്കാവ് തറയില്‍ ദിലീഷിനെ(37)തിരെയാണ് പോക്‌സോ ചുമത്തിയത്. യുവതിയുടെ അടുത്ത ബന്ധുവായ 14കാരിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ക്ക് പുറമേയാണ് പോക്‌സോയും ചുമത്തിയത്.
കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയ മകളെ ഇന്നലെ വീടിനടുത്ത തോട്ടത്തില്‍ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്.
കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു. കഴുത്തിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.