കണ്ണൂര്‍: മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയില്‍ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു.മൈലാടുംപാറ സ്വദേശി ബൈജു വര്‍ഗ്ഗീസാണ് (52) മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്. ബൈജു വര്‍ഗീസിന്റെ പുരയിടത്തിലെ നിരവധി മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണത്. ഇതിന്റെ ചില്ലകള്‍ വെട്ടിമാറ്റാനായി പോയതായിരുന്നു ബൈജു. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതമായി കിടക്കുന്ന ബൈജുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ദേഹത്തേക്ക് വീണാകാം മരണമെന്നാണ് നിഗമനം.

അതിനിടെ കണ്ണൂര്‍ തളിപ്പറമ്പില്‍ ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് എട്ട് വയസുകാരിക്ക് പരിക്കേറ്റു. ഓട് പൊട്ടി വീണാണ് പരിക്കേറ്റത്. കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റില്‍ കണ്ണൂരില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മഴക്കെടുതിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *