സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം മാത്രമായ തുഷാര എന്ന 28 വയസ്സുകാരിയെ ഭര്‍ത്താവും ഭര്‍തൃമാതാവും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് എസ് സുഭാഷ് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ ഒന്നാം പ്രതിയും, മാതാവ് ലാലി രണ്ടാം പ്രതിയുമായ കേസിനായാണ് ശിക്ഷ വിധിക്കുക.

2013ലായിരുന്നു വിവാഹം. വിവാഹസമയത്ത് നല്‍കാമെന്ന് സമ്മതിച്ചിരുന്ന സ്ത്രീധന തുകയില്‍ കുറവ് വന്ന രണ്ട് ലക്ഷം രൂപ 3 വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്ന് കാണിച്ച് പ്രതികള്‍ തുഷാരയെ ഒപ്പിടുവിച്ച് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞത് മുതല്‍ ഈ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പ്രതികള്‍ പീഡിപ്പിച്ചു തുടങ്ങിയിരുന്നു.

തുടര്‍ന്ന് തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചിരുന്നില്ല. തുഷാരക്ക് 2 പെണ്‍കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. തുഷാര കുഞ്ഞുങ്ങളെ താലോലിക്കാന്‍ പോലും പ്രതികള്‍ അനുവദിച്ചിരുന്നില്ല. 2019 മാര്‍ച്ച് 21ന് രാത്രി തുഷാര മരണപ്പെട്ടതായി തുഷാരയുടെ പിതാവിനെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ പിതാവും, മാതാവും, സഹോദരനും, ബന്ധുക്കളും മൃതശരീരം കണ്ടപ്പോള്‍ ദയനീയമായ ശോഷിച്ച് രൂപമായിരുന്നു. അവര്‍ പൂയപ്പള്ളി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ആണ് വളരെ അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതശരീരത്തിന്റെ ഭാരം വെറും 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തില്‍ ഭക്ഷണ വസ്തുവിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയില്‍ ആയിരുന്നു. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേര്‍ന്നിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഉപരിയായി അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *