യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. സിനിമയിൽ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *