ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവും വിപ്ലവകാരിയുമായിരുന്നു മഹാത്മാ അയ്യൻകാളി. കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് ഇദ്ദേഹം. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.കേരള സ്പാർട്ടക്കസ് എന്ന് മഹാത്മാ അയ്യങ്കാളിയെ വിശേഷിപ്പിക്കാം.അയങ്കാളി ജന്മദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.ജാതിമേൽകോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടാൻ ഊർജ്ജം നൽകിയത് അയ്യങ്കാളിയാണ് എന്ന് അദ്ദേഹം എഴുതി.ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വില്ലുവണ്ടി യാത്രയും കല്ലുമാല സമരവുമെല്ലാം സവർണ്ണ മേധാവിത്വത്തിന് വലിയ പ്രഹരമാണേൽപ്പിച്ചത്. സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ വില്ലുവണ്ടിയാത്ര കേരളത്തിന്റെ പിൽക്കാല സാമൂഹ്യ ജീവിതത്തിൽ ഏറെ അനുരണം സൃഷ്ടിച്ചു. ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികളുടെ വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട തൊഴിൽസമരം കൂടിയായിരുന്നു. ആധുനിക കേരളത്തിന് അടിത്തറ പാകപ്പെട്ടത് അയ്യങ്കാളി ഉൾപ്പെടെ നടത്തിയ സംഘടിത പോരാട്ടങ്ങളുടെ ഫലമായാണ്. സാമൂഹിക അസമത്വങ്ങളെ പരിപൂർണമായും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ അയ്യങ്കാളിയുടെ സ്മരണ നമുക്ക് ഊർജ്ജം പകരും. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *