ആധാരത്തില്‍ വിലകുറച്ചത് കാരണമുള്ള അണ്ടര്‍വാല്വേഷൻ കേസുകളില്‍ വന്‍ ഇളവുകളോടുകൂടി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവില്‍ വന്നു. ഇതു പ്രകാരം 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും അണ്ടര്‍വാല്വേഷൻ റിപ്പോര്‍ട്ട് ചെയ്തതുമായ കേസുകള്‍ തീര്‍പ്പാക്കുവാന്‍ അവസരമുണ്ട്.
ഇതിനായി രജിസ്ട്രേഷന്‍ വകുപ്പ് സെറ്റില്‍മെന്റ് കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ അണ്ടര്‍വാല്വേഷൻ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കോംപൗണ്ടിംഗ് സ്‌കീമുമുണ്ട്.
സെറ്റില്‍മെന്റ് പദ്ധതി പ്രകാരം രജിസ്ട്രേഷന്‍ ഫീസ് 75 ശതമാനം വരെയും സ്റ്റാമ്പ് ഡ്യൂട്ടി 60 ശതമാനം വരെയും ഇളവ് ലഭിക്കും. കോംപൗണ്ടിംഗ് പദ്ധതി പ്രകാരം രജിസ്ട്രേഷന്‍ ഫീസ് മുഴുവനായി ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 50 ശതമാനം തുക മാത്രം ഒടുക്കിയാല്‍ മതിയാകും. ഈ ആനുകൂല്യം 2025 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും ലഭിക്കുക.
ഈ പദ്ധതി ഉപയോഗപ്പെടുത്താത്ത കേസുകളില്‍ മുഴുവന്‍ തുകയ്ക്കും റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. 2025 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ പദ്ധതികളുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള സബ് രജിസ്ട്രാര്‍ ഓഫീസുമായോ ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495-2721895.