അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് ,ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി , മലയാളികളായ ജോൺപോൾ , ടി പി രാജീവൻ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമർപ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തൻ, നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ ,സംവിധായകൻ ജി. എസ് പണിക്കർ ,ഛായാഗ്രാഹകൻ പപ്പു എന്നിവർ ഉൾപ്പടെ എട്ടു ചലച്ചിത്ര പ്രവർത്തകരുടെ സ്മരണയ്ക്കായ് എട്ടു ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും .

ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉൾക്കൊണ്ട് രണ്ടു ചെറുപ്പക്കാർ നടത്തുന്ന കവർച്ച പ്രമേയമാക്കിയ ഗൊദാർദ് ചിത്രം ബാൻഡ് ഓഫ് ഔട്ട്സൈഡേഴ്സ് ,മസഹിറോ കൊബായാഷി ചിത്രം ലിയർ ഓൺ ദി ഷോർ
പ്രതാപ് പോത്തൻ അഭിനയിച്ച കാഫിർ ,അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഭരതൻ ചിത്രം വൈശാലി, ജോൺപോൾ ആദ്യമായി തിരക്കഥയെഴുതിയ ചാമരം,പപ്പു ഛായാ ഗ്രാഹകനായ രാജീവ് രവിചിത്രം ഞാൻ സ്റ്റീവ് ലോപ്പസ്‌ ,ജി. എസ് പണിക്കർ ഒരുക്കിയ ഏകാകിനി എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ടി.പി രാജീവനുള്ള സ്മരണാഞ്ജലിയായി അദ്ദേഹത്തിന്റെ നോവലിനെ ആസപദമാക്കി രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

വാർദ്ധക്യത്തിന്റെ ആകുലതകളുമായി ദി സ്റ്റോറി ടെല്ലർ

വാർദ്ധക്യത്തിന്റെ ആകുലതകൾ ചർച്ച ചെയ്യുന്ന ആനന്ദ് മഹാദേവൻ ചിത്രം ദി സ്റ്റോറി ടെല്ലർ രാജ്യാന്തര ചലച്ചിത്ര മേളയിൽ .വിഖ്യാത സംവിധായകൻ സത്യജിത് റേ യുടെ ഗോൾപോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം, തരിണി ചരൺ ബന്ദോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതഘട്ടങ്ങളാണ് ഇതിവൃത്തമാക്കിയിരിക്കുന്നത് .

പരേഷ് റാവൽ,ആദിൽ ഹുസ്സൈൻ,തന്നിഷ്ട ചാറ്റർജി,മലയാളി താരമായ രേവതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബുസാൻ ഉൾപ്പടെ നിരവധി മേളകളിൽ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട് .മേളയിലെ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

സ്‌പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രവുമായി പ്രിസൺ 77

1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി സ്‌പാനിഷ്‌ സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77 രാജ്യാന്തര ചലച്ചിത്രമേളയിൽ . മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയനായ മിഗ്വൽ ഹെറാൻ നായകനാകുന്ന ചിത്രം മേളയിലെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

ചെയ്യാത്ത കുറ്റത്തിന് ജയിലിലായ ഒരു യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ജയിലിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ സ്പയിനിലെ ജയിൽ നിയമങ്ങൾ പിന്നീട് പരിഷ്കരിച്ചിരുന്നു.

ബോക്സോഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനമാണ് രാജ്യാന്തര മേളയിലേത്.

ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ

രാജ്യാന്തര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമകളുടെ സൗന്ദര്യം കറുപ്പിലും വെളുപ്പിലും ആവാഹിച്ചും സവിശേഷമായ ആഖ്യാന ശൈലി ഉപയോഗിച്ചും നിർമ്മിച്ച അഞ്ചു ചിത്രങ്ങളും ഔട്ട്സൈഡർ എന്ന കളർ ചിത്രവുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത് .

ഒരു ചെറിയ താളം തെറ്റൽ സമൂഹത്തെ എങ്ങനെ പരിപൂർണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദമാക്കുന്ന ചിത്രം വെർക്ക്‌മീസ്റ്റർ ഹാർമണീസ്, ഫാമിലി നെസ്റ്റ്, താറും സഹപ്രവർത്തകനായ ലാസ്ലോ ക്രാസ്നഹോർകായിയും ചേർന്ന് തിരക്കഥ ഒരുക്കിയ ഡാംനേഷൻ ,ആഗ്നസ് ഹ്രാനിറ്റ്‌സ്‌കിക്കൊപ്പം സംവിധാനം ചെയ്ത ദ മാൻ ഫ്രം ലണ്ടൻ , ദി ഔട്ട് സൈഡർ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

മനുഷ്യരാശിയെക്കുറിച്ചുള്ള ആശങ്കകൾക്കും ഉത്കണ്ഠകകൾക്കും ചലച്ചിത്ര ഭാഷ്യം രചിക്കുന്ന താറിന്റെ അവസാന ചിത്രമായ ദ ട്യൂറിൻ ഹോഴ്സും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *