കോഴിക്കോട്: സിപിഎമ്മിന് അനുകൂലമായ 2021ലെ തെരഞ്ഞെടുപ്പില്‍ പോലും തൃപ്പൂണിത്തറയില്‍ ജയിക്കാന്‍ ഇടത് സ്ഥാനാര്‍ഥിയായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കവളപ്പാറ ദുരന്തം ഉണ്ടായപ്പോള്‍ അവിടെയോ മനുഷ്യ – വന്യജീവി സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടെയോ സ്വരാജിനെ കണ്ടിട്ടില്ല. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ വലിയ സന്തോഷമെന്നും എം.വി ഗോവിന്ദന്‍ നിലമ്പൂരില്‍ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെയൊക്കെ ആഗ്രഹമെന്നും രാഹുല്‍ കോഴിക്കോട്ട് പറഞ്ഞു.
ഞാന്‍ വിളിച്ചാല്‍ ഉടനെ വരുന്നതും പ്രഖ്യാപിക്കുന്നതും ആണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി എന്നത് അറിയുന്നതില്‍ സന്തോഷമുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം ഉണ്ടായപ്പോള്‍ ഒറ്റ വാക്ക് ഒരു വരി, ഒരു കുത്ത് ഒരു പ്രതികരണം ഈ നാടിനു വേണ്ടി നടത്തിയോ ? പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വരാജ് പ്രതികരിച്ചോ ? തീവ്രവാദി കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടാകുമ്പോള്‍ യുദ്ധങ്ങള്‍ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങള്‍ തിരിച്ചറിയും. സ്ഥാനാര്‍ഥികള്‍ കരുത്തരാണോ ദുര്‍ബലരാണ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സംസ്ഥാനത്തിനകത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്. ആരും വന്നാലും ഞങ്ങള്‍ക്ക് ഭയമില്ല. നിലമ്പൂരില്‍ യുഡിഎഫ് ആധികാരിക ജയം നേടുമെന്നും രാഹുല്‍ പറഞ്ഞു.