തൃശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ തന്നെ ആക്രമിച്ചു. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
‘ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കില്‍ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താന്‍ വെല്ലുവിളിക്കുന്നു; സുരേഷ് ഗോപി പറഞ്ഞു.
ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവന. ‘പാര്‍ട്ടി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ പോയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കില്‍ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താന്‍ തയാറുണ്ടോ?’ -സുരേഷ് ഗോപി ചോദിച്ചിരുന്നു.