ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തി നടി വാണി വിശ്വനാഥ്. നടനും ഭര്‍ത്താവുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവ്. ദി ക്രിമിനല്‍ ലോയര്‍’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് വെച്ച് നടന്നത്.കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിന് ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് തിരിച്ചുവരവ് നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ്. സിനിമയിലേക്കുള്ള തിരിച്ചുവരവ് നല്ല കഥാപാത്രത്തിലൂടെ ആയതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
വാണി വിശ്വനാഥ് പറഞ്ഞത്:
‘വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ സന്തോഷം. ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതല്‍ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം.
ത്രില്ലര്ക്രൈം സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാള്‍ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.
മാന്നാര്‍ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’
