നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെയാണ് സംഘർഷത്തിന് തുടക്കമായത്. യൂണിവേഴ്സിറ്റി കോളജിൽനിന്ന് മാർച്ചിന് നേരെ കല്ലേറുണ്ടായെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് തീപ്പന്തം എറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. നേതാക്കൾ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ വൻ സംഘർഷമുണ്ടായി.

സംഘർഷത്തിനിടെ ക്യാമ്പസിനകത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ കോളജ് ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തുടർന്ന് ഹോസ്റ്റൽ വളപ്പിനകത്ത് പ്രവേശിച്ചും പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

പൊലീസ് നടപടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *