‘കുറുപ്പ്’ സിനിമയിലെ ഭാസി പിള്ളയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. കുറുപ്പ് കണ്ടു കഴിഞ്ഞപ്പോള്‍ ഭാസിപിള്ളയുടെ മുഖം മാത്രമായിരുന്നു മനസില്‍ ഉണ്ടായിരുന്നതെന്നും ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഭാഗമാണെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഭദ്രന്റെ വാക്കുകള്‍

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, എ ജെനുവിന്‍ ആക്ടർ വില്‍ ഫോം. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്.

ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത റോ മെറ്റീരിയല്‍ ആണെന്ന് ഓര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *